അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലേക്കു ലഭിച്ച സംഭാവനകളിൽ കോടികളുടെ തട്ടിപ്പ് നടന്നെന്ന വാർത്ത പ്രചരിക്കെ, ക്ഷേത്രത്തിൽ സമർപ്പിച്ച വിലപിടിപ്പുള്ള സ്വർണ രാമചരിതമാനസം കാണാതായതായി ഗുരുതര ആരോപണം. മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും മധ്യപ്രദേശ് കേഡറിലെ 1970 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനുമായ എസ്. ലക്ഷ്മിനാരായണനാണ് ക്ഷേത്ര ട്രസ്റ്റിനെതിരേ ശക്തമായി രംഗത്തെത്തിയത്. തന്റെ കുടുംബം ക്ഷേത്രത്തിനു സമർപ്പിച്ച, ഏകദേശം അഞ്ചു കോടി രൂപ വിലമതിക്കുന്ന സ്വർണം പതിപ്പിച്ച രാമചരിതമാനസ ഗ്രന്ഥം ക്ഷേത്രത്തിൽനിന്നു കാണാതായെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
പ്രതിഷ്ഠാ ചടങ്ങിനുശേഷമുള്ള ആദ്യ രാമനവമി വേളയിലാണ് ലക്ഷ്മിനാരായണനും കുടുംബവും രാമചരിതമാനസത്തിന്റെ സ്വർണം പതിപ്പിച്ച കോപ്പി സമർപ്പിച്ചത്. ഏകദേശം 150 കിലോഗ്രാം ഭാരമുള്ള ഗ്രന്ഥത്തിന്റെ താളുകളിൽ പൂശുന്നതിനായി 800 ഗ്രാം സ്വർണമാണ് ഉപയോഗിച്ചിരുന്നത്. ലക്ഷ്മിനാരായണന്റെ പരേതയായ മാതാവിന്റെ സ്വർണാഭരണങ്ങൾ ഉരുക്കിയാണ് ഇതിനാവശ്യമായ സ്വർണം കണ്ടെത്തിയത്. ഏറെ വൈകാരികമായ വഴിപാടായി സമർപ്പിച്ച ഗ്രന്ഥം ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ദർശിക്കാനായി സ്ഥാപിക്കുമെന്നാണു കുടുംബം കരുതിയിരുന്നത്. എന്നാൽ, ഈ സമർപ്പണത്തിന് ക്ഷേത്ര ഭാരവാഹികളിൽനിന്നു തനിക്ക് രസീത് ലഭിച്ചില്ലെന്നും മുൻ ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.
മാസങ്ങൾക്കു ശേഷം ക്ഷേത്രം സന്ദർശിച്ച ബന്ധുക്കളാണ് ഗ്രന്ഥം അവിടെ കാണാനില്ലെന്ന വിവരം ലക്ഷ്മിനാരായണനെ അറിയിക്കുന്നത്. തുടർന്ന് അദ്ദേഹം നേരിട്ട് അയോധ്യയിലെത്തി. അന്ന്, ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയെ കണ്ട് സംസാരിച്ചിരുന്നു. ഇതു വെറുമൊരു സാധാരണ സംഭാവനയല്ലെന്നും കുടുംബത്തിന്റെ വൈകാരികമായ സമർപ്പണമാണെന്നും ബോധിപ്പിച്ച് ഗ്രന്ഥം അനുയോജ്യമായ സ്ഥാനത്ത് പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഇത് സംബന്ധിച്ച് ട്രസ്റ്റ് അധികൃതർക്ക് നിരവധി കത്തുകളും സന്ദേശങ്ങളും അയച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും ലക്ഷ്മിനാരായണൻ മാധ്യമങ്ങളോട് പറഞ്ഞു.
രാമക്ഷേത്രത്തിലെ സംഭാവനകളിൽ നിന്ന് 7 മുതൽ 7.5 കോടി രൂപ വരെ തട്ടിപ്പ് നടത്തിയെന്ന കേസിൽ പോലീസ് അന്വേഷണം ഊർജിതമായി നടക്കുന്നതിനിടയിലാണ് പുതിയ വിവാദം. ഈ സാഹചര്യത്തിൽ മുൻ ഉന്നത ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ ക്ഷേത്ര ട്രസ്റ്റിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
രാമചരിതമാനസം; ഹൃദയം കവർന്ന ഭക്തികാവ്യം
പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭക്തകവി ഗോസ്വാമി തുളസീദാസ് (1532–1623) അവധി ഭാഷയിൽ രചിച്ച അനശ്വര മഹാകാവ്യമാണ് ശ്രീ രാമചരിതമാനസം. ഹിമാലയത്തിലെ വിശുദ്ധ തടാകമായ മാനസസരോവരത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഏഴ് പടവുകളോടാണ് തുളസീദാസ് ഈ മഹാകാവ്യത്തിലെ ഏഴു കാണ്ഡങ്ങളെ ഉപമിച്ചിരിക്കുന്നത്. സംസ്കൃത ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കി, അയോധ്യ രാജകുമാരനായ ശ്രീരാമന്റെ കഥ ദീപ്തമായി പുനരാവിഷ്കരിച്ചിരിക്കുന്നു ഈ ഗ്രന്ഥത്തിൽ.
ക്രിസ്തുവർഷം 1574-ൽ അയോധ്യയിലെ അവധ്പുരിയിലാണ് തുളസീദാസ് ഗ്രന്ഥരചനയ്ക്ക് തുടക്കമിട്ടത്. ശ്രീരാമന്റെ ജന്മദിനമായ ചൈത്രമാസത്തിലെ ഒൻപതാം നാളിലാണ് (രാമനവമി) രചന ആരംഭിച്ചതെന്ന് കാവ്യത്തിൽ തന്നെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. കാവ്യത്തിന്റെ വലിയൊരു ഭാഗവും പൂർത്തിയാക്കിയത് അദ്ദേഹം തന്റ പിൽക്കാല ജീവിതം ചെലവഴിച്ച വാരണാസിയിലായിരുന്നു. അക്കാലത്ത് സാധാരണക്കാർക്ക് ഗ്രഹിക്കാൻ പ്രയാസമേറിയ സംസ്കൃത ഭാഷയ്ക്ക് പകരം, ഹിന്ദി ഭാഷാവിഭാഗത്തിൽപ്പെട്ട അവധി ഭാഷയിലാണ് തുളസീദാസ് ഈ ഗ്രന്ഥം രചിച്ചത്. അതുകൊണ്ടുതന്നെ ചരിത്രത്തിലാദ്യമായി രാമകഥ സാധാരണക്കാരിലേക്ക് അനായാസേന എത്തിക്കാൻ ഇതിലൂടെ സാധിച്ചു. ജനകീയ നാടക രൂപമായ രാംലീല-യുടെ തുടക്കവും ഈ ഗ്രന്ഥവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭാരതീയ ഭക്തിസാഹിത്യത്തിലെ ഏറ്റവും ശ്രേഷ്ഠമായ കൃതികളിലൊന്നായി ഇന്നും രാമചരിതമാനസം ആദരിക്കപ്പെടുന്നു.